Friday, December 26, 2014

മല്ലൂർ ശിവ പാർവ്വതീ ക്ഷേത്രം

                                                                                            മല്ലൂർ ശിവ പാർവ്വതീ ക്ഷേത്രം അല്ലെങ്കിൽ മിനി പമ്പാന്ന് പറയും .ക്ഷേത്രത്തിനെക്കുറിച്ചോർക്കുമ്പോൾത്തന്നെ ഒരുപാടുണ്ട്  പറയാൻ .ഓർമവച്ച കാലം മുതൽ പോവാൻ തുടങ്ങിയതാണിവിടെ.വിഷൂനും ഓണത്തിനും പുസ്തക പൂജക്കും പിറന്നാളിനും അങ്ങനെ എല്ലാ വിശേഷങ്ങൾക്കും പോവാറുണ്ട് .ഗുരുവായൂരും കാടാമ്പുഴേം കൊടുങ്ങ ല്ലൂരോക്കെ പോവാൻ വല്ലാത്ത മടിയാണെനിക്ക്.കാര്യം വേറൊന്നൊല്ല വരിക്ക്  നിക്കണതെന്നെ.പിന്നെ  കൊറേ ദൂരം പോവാലോന്നാലോയ്ക്കുമ്പോ ഒരു രസം .അങ്ങനെയാണ് അവടെയൊക്കെ പോവാറ് .പിന്നെ മത്രൊല്ല അവടൊക്കെ പോയി മൂപ്പരെ (ദൈവത്തെ )ശരിക്കൊന്ന് കണ്ട് എന്തേലും പറയാന്ന് വിചാരിച്ചാലോ തിക്കിലും തിരക്കിലും ഒന്നും കാണാൻ പറ്റില്ല .വരീല് നിക്കുമ്പോ അടുത്തു നിക്കണ മുത്തശ്ശിമാരൊക്കെ പതുക്കെ നാമം ജപിക്കണത് കേക്കാം .അപ്പൊ നമ്മള് കമ്പീടെ മോള് തൂങ്ങീം എണ്ണ വീണ നിലത്ത് ചിത്രം വരച്ചും മെല്ലെ മെല്ലെ നീങ്ങും.   അമ്പ ല ത്തി ന്റുള്ളിൽ കേറ്യാലേ അറിയൂ ഇതുവരെ സ്റ്റോറു ചെയ്ത എനർജിയൊക്കെ ഏറ്റവും കൂടുതൽ ശബ്ദത്തിൽ ദൈവത്തെ വിളിക്കാനുള്ളതായിരുന്നെന്ന്.നമ്മളന്തംവിട്ട് നോക്ക്മ്പഴേക്കും പൊറത്തിക്ക്ള്ള വഴി കാണാം .പിന്നെ പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾന്ന് പറയണത് കേട്ട്ണ്ടെങ്കിലും എനിക്കങ്ങനെയൊന്നൂല്ല്യ.ഞാനെല്ലാ അമ്പലത്തില്  പോയാലും പ്രാർത്ഥിക്കാറ് "എന്റചഛനും അമ്മയ്ക്കുംഒന്നൂണ്ടാവര്തേ...ചേച്ചിമാർക്കൊന്നൂണ്ടാവര്തേ ന്നാണ് .ഒരെട്ടാം ക്ലാസുവരെ ഞാനിതെന്നാ പറഞ്ഞിരുന്നേ.ഒരു ദിവസം മല്ലൂരമ്പലത്തില് പോയപ്പോ അമ്മേടെ സ്കൂളിലെ ഒരു ടീച്ചറെ കണ്ടു .ആ ടീച്ചർടെ അച്ഛൻ നമ്മടെ സാന്താക്ലോസിനെപ്പോലെയിരിക്കും .എന്നോട് ചോയ്ച്ചു എന്താ പ്രാർത്ഥിച്ചേന്ന്.ഞാൻ പറഞ്ഞു ആർക്കും ഒന്നൂണ്ടാവല്ലേന്നാന്ന്.അന്ന് ആ അച്ഛഛനാ പറഞ്ഞേ ഒന്നൂണ്ടാവല്ലേന്ന് പ്രാർത്ഥിച്ചാ "ഒന്നും "ഇണ്ടാവില്ല്യാന്ന് .അയ്യോ .....അപ്പഴാ ഞാൻ ശരിക്കും അതിനെ പറ്റി ആലോയ്ക്ക്ണത്.ഞാനുദ്ദേശിച്ചത് ആർക്കും ആപത്തൊന്നൂണ്ടാവല്ലേന്നാ പക്ഷേ എപ്പഴും പകുതിയേ പറയാറുള്ളൂ.എന്തായാലും ഒരു കാര്യം മനസിലായി .മൂപ്പർക്ക് എന്റെ കാര്യത്തില് വല്ല്യ ഇൻട്രസ്റ്റൊന്നൂല്ല്യാന്ന്.നന്നായി .ഞാൻ പറഞ്ഞ പോലെ വല്ലോം നടന്നിര്ന്നെങ്കിലോ അല്ലെങ്കിചെലപ്പോ ഞാനുദ്ദേശിച്ചത് മൂപ്പർക്ക് മനസിലായീണ്ടാവും.ഈ ടെലിപ്പതിയൊക്കെ ദൈവ ത്തിന് അറിയാതിരിക്കോ.ഞാനിതൊന്നുല്ല പറയാൻ വിചാരിച്ചേ .പറഞ്ഞുവന്നപ്പോ ഇതൊക്കെ കേറി വന്നതാ..മല്ലൂരമ്പലം.ഇപ്പൊതെഴുതണംന്ന് തോന്നാൻ ഒരു കാരണംണ്ട് .ഇന്നലെ വൈകീട്ട് അമ്പലത്തില് പോയി .പക്ഷേ ഇന്ന് പോയപ്പോ എന്തോ ഒരു ഇത് .ആ ഇതെന്താന്നു വച്ചാ എനിക്കറിയില്ല .ചെലപ്പോ ഭക്തിന്നു പറയാം സന്തോഷംന്നും പറയാം .അല്ലെങ്കി ശരിക്കും ദൈവത്തെ കണ്ടപോലെ.
സാധാരണ അമ്പലത്തില് പോവുമ്പോ പല ഉദ്ദേശ്യങ്ങളും ഉണ്ടാവാറ്ണ്ട്.പ്രധാന ഉദ്ദേശ്യം ഫോട്ടോ എടുക്കലുതന്നെ .

ഫോട്ടോ എടുക്കാൻ പറ്റിയ ഇത്രേം നല്ല സ്ഥലം വേറെ ഇല്ലാന്ന് പറയാം .പുഴ ,പാലം ,പൂക്കൾ ,അമ്പലം അങ്ങനെ ഒരുപാടുണ്ട് .പിന്നെ ഗണപതി ഭവനിലെ കൊച്ചുവേട്ടന്റെ മസാല ദോശയും വടയും .ഹോ അതൊന്ന് കഴിക്കേണ്ടത് തന്നെയാ .പിന്നെ നൊങ്ക് ,ഓറഞ്ച് ,ഉപ്പിലിട്ട നെല്ലിക്ക ,മാങ്ങ ,ക്യാരറ്റ് അങ്ങനെ വഴി നിറയെ ഓരോന്ന്ണ്ടാവും .ഇതൊക്കെ കണക്ക്കൂട്ടിയാണ് പോവാറ് .ഇന്നും വീട്ടീന്നെറങ്ങുമ്പോ വേറെ നല്ല ഉദ്ദേശ്യങ്ങളൊന്നുണ്ടായിരുന്നില്ല .പക്ഷേ അവടെ എത്തിയപ്പഴോ ....ക്ലൈമറ്റിന്റെയാണോന്നറിയില്ല ശരിക്കും വേറെ എവടെയോ പോയ പോലെ .അമ്പലത്തിനുള്ളില് കേറിയപ്പഴോ വിളക്ക് കത്തിക്കുന്നേയുള്ളൂ ."ഹാ കൊറേ നാളായല്ലോ കണ്ടിട്ട് അച്ഛനെ എടക്കെടക്ക് കാണാറുണ്ട് .എന്തേ ഇവടെല്ല്യെന്നൊരു ചോദ്യം .ദൈവല്ലാട്ടോ അവടെ മാല കെട്ടണ ചേട്ടനാ (ചേട്ടമ്മാരേക്കാളും പ്രായള്ള ആളാ. കാണുമ്പോ കൊറേ സംസാരിക്കാറ്ണ്ടെങ്കിലും ഞാനദ്ദേഹത്തെ ഒന്നും വിളിക്കാറില്ല .അതോണ്ട് ചെറിയൊരു കണ്‍ഫ്യൂഷൻ ).അങ്ങനൊന്നുല്ലാന്ന് പറഞ്ഞ് തൊഴാൻ പോയി .ശിവനെ കാണാൻ ശരിക്കും എന്ത് രസാ .വിളക്കൊക്കെ കത്തിച്ച് തൊളസിമാലേം തെച്ചിപ്പൂ മാലേം ഒക്കെ ചാർത്തി നിക്കുമ്പോ ശരിക്കും കാണേണ്ടത് തന്നെ .തൊഴുത്‌ കഴിഞ്ഞ് കൊറച്ചു നേരം അവടെയിരുന്നു .പിന്നെ പുറത്തെറങ്ങി .പുഴയിലേക്കുള്ള പടികളിറങ്ങുമ്പോൾ വലിയൊരു ശിവന്റെ പ്രതിമയുണ്ട്.പണ്ട് അതിന് നിറമൊന്നൂണ്ടായിരുന്നില്ല .ഇപ്പൊ നീലയും
മഞ്ഞയുമൊക്കെ കൊടുത്ത് ശരിക്കും ശിവനെപ്പോലെ .അവടെ പോയി നിന്നു .അതിനടുത്തു നിന്ന് പുഴയിലേക്കു നോക്കാൻ നല്ല രസാ.
പാലത്തിന്റെ മോള്ക്കൂടെ പോണ ബസിലേം കാറിലേം ആളുകള് നോക്കുന്നുണ്ട് .അല്ലെങ്കിലും ശിവന്റെ അടുത്ത്നിക്കുമ്പോ എല്ലാരും നമ്മളെ നോക്കണ പോലെ തോന്നും .അവടന്ന് താഴോട്ടെറങ്ങി കൊറേ നേരം വെള്ളത്തില് നടന്നു .പാലത്തിനെ കൊറേ നേരം നോക്കി നിന്നാ അമ്മേന്ന് വിളിച്ച് ആരോ കരയണ കേക്കാം .ഞാൻ ചെറ്താവുമ്പോ ഒക്കെ കേട്ട്ണ്ട്.അതിന് പിന്നിലൊരു കഥയ്ണ്ട്.പണ്ട് പണ്ട് ഈ പാലണ്ടാക്കണ സമയം .എത്ര നോക്കീട്ടും പാലത്തിന്റെ കാലൊറക്കണില്ല.അങ്ങനെ കൊറേ പൂജേം വഴിപാടും പ്രശ്നം വപ്പിക്കലും ഒക്കെ നടത്തി.അപ്പഴാ ജോത്സ്യൻ പറഞ്ഞേ പാലത്തിന്റെ കാലൊറക്കണേല് ഒരാളെ ബലികൊടുക്കണത്രെ.എന്തൊക്കെയായാലും സ്വയം ബലിയാടാവാൻ ആരും വന്നില്ല .മാത്രോല്ല ഇന്നത്തത്രേം ആത്മഹത്യാ പ്രവണത അന്ന്ണ്ടായിരുന്നില്ലല്ലോ .ആർക്കേലും ദേഷ്യം വന്നാ ഉടനെ കള്ളവണ്ടി കേറി നാടുവിടും . അവസാനം അവടെ കണ്ണ് കാണാൻ വയ്യാത്ത ഒരാള്ണ്ടായിരുന്നു.അയാള് കുട്ടിയാവുമ്പൊ അയാൾടെ അമ്മ അവടെ കൊണ്ടന്നാക്കീതാ.പാവം പിന്നെ അതിനെ ആരും വിളിച്ചോണ്ടു പോയില്ല.അയാളെന്നും അമ്പലത്തില് വന്നിരുന്ന് പാട്ട് പാടും .ഭക്ഷണമൊക്കെ ആരേലും കൊണ്ടന്ന് കൊടുക്കും .അങ്ങനെ അയാളെ ബലി കൊടുക്കാൻ എല്ലാരും തീരുമാനിച്ചു.ഒരു ദിവസം അമ്മ വിളിക്ക്ണ്ട്ന്ന് പറഞ്ഞ് അയാളെ കൂട്ടിക്കൊണ്ടന്ന് കാല് നാട്ടാന്ള്ള കുഴിയിലേക്ക് തള്ളിയിട്ടു.അതിന്റെ മോളില് പിന്നെ പാലണ്ടാക്കീന്നാണ് കഥ .കുഴീല് വീണപ്പോ അയാളൊറക്കെ അമ്മേന്ന് വിളിച്ചൂത്രേ.അതിപ്പഴും കേക്കാന്നാ പറയാ .കള്ളക്കഥ.ചെറിയ പീട്ടാച്ചി കുട്ട്യോളെയൊക്കെ ഇപ്പൊ ഇതും പറഞ്ഞ് പേടിപ്പിക്കും.      അപ്പൊ അവരു പറയും അയ്യോ ചേച്ചി ഞാൻ ശരിക്കും കരച്ചില് കേട്ടുന്നൊക്കെ.എല്ലാറ്റിനേം പൊഴേന്ന് പിടിച്ചുകേറ്റാനുള്ള കഥയന്നവർക്കറിയില്ലല്ലോ .ദീപാരാധന തൊഴാൻ വേണ്ടി വീണ്ടും അമ്പലത്തിനകത്ത് കേറി .കൊറേ നേരം അവടെ നിന്ന് പ്രാർത്ഥിച്ചു .എത്രയോ നാളുകൾക്ക് ശേഷാ ദൈവത്തിനോടിങ്ങനെ എല്ലാം പറയുന്നേ .വല്ലാത്ത സന്തോഷം തോന്നി .തിരിച്ച് പോരുമ്പോ നടക്കാന്നാ കരുതിയേ .പക്ഷേ ചേച്ചിക്ക് നടക്കാൻ വല്ലാത്ത മടി .അങ്ങനെ ഒരു ഓട്ടോ ചേട്ടന്റെ വണ്ടീല് പാട്ടും കേട്ട് ഓറഞ്ചും നൊങ്കും ഒക്കെ വാങ്ങിയിങ്ങ്‌ പോന്നു.

Saturday, November 8, 2014

നിറങ്ങൾ തേടി

വെള്ളക്കുതിരകൾ
മഞ്ഞുമാലാഖമാർ
വെണ്ണക്കല്ലിലൊരു
മേഘമൽഹാർ .
മായ്ച്ചും വരച്ചും
മുന്നേറുന്ന
വെള്ളിമേഘങ്ങൾ .
ആകാശക്കടലാസിലെ
ജീവനില്ലാത്ത ,
നിറമില്ലാത്ത
മായക്കാഴ്ചകളാണ്
മേഘങ്ങളെന്ന്
പണ്ടാരോ പറഞ്ഞു .
അത് കേട്ട പകൽനക്ഷത്രങ്ങൾ
രാത്രി വരുമെന്നോർക്കാതെ
മഴപ്പൂക്കളായ്
കൊഴിഞ്ഞു വീണു .
അതിലൊരു തുള്ളി
കാറ്റിന്റെ ചിറകിലേറി
നിറങ്ങൾ തേടിയലഞ്ഞു .
ഒറ്റയായ തുള്ളിക്കുവേണ്ടി
മേഘങ്ങളൊരു
മഴവില്ലു വരച്ചു .
മഴവില്ലിനറ്റം പിടിച്ച്
മഴത്തുള്ളിയോ
മയിലായ് പറന്നിറങ്ങി . 

Wednesday, September 17, 2014

ഞാൻ

ഇരുളടർന്നുവീണ് കരിഞ്ഞുണങ്ങിയ
ഒരു പകൽ .
നക്ഷത്രക്കണ്ണുകളിൽ വെള്ളം
നിറഞ്ഞ്
ചോർന്നൊലിച്ച
ഉപ്പു ചുവയ്ക്കുന്ന മഴ .
കരക്കടിഞ്ഞ ചത്ത മീനുകളെ
കൊത്തി വലിക്കുന്ന
കടൽക്കാക്ക നോട്ടങ്ങൾ .
കാലടിയിലെ അടർന്ന മണ്ണിൽ
നിന്റെ കൂർത്ത വാക്കുകളുടെ
ഒരിക്കലും മായാത്ത കറ .
അന്നു ഞാൻ തൂത്തു തുടച്ചെറിഞ്ഞ
വിശപ്പിന്റെ മാറാലകൾ
പഴകി ദ്രവിച്ചതിനാലാവണം
പരിഹാസം
ചിലന്തി വലയായിത്തുടങ്ങിയത് .


Friday, September 5, 2014

കുഞ്ഞിക്കുട


മഴ വിതറിയിട്ടുപോയ
വെളുത്തു മെലിഞ്ഞ
കൂണുകൾ
കറുത്തിരുണ്ട് ചളി നിറഞ്ഞ
മണ്ണിലൊരു
വെള്ളാരം കല്ലുപോലെ.
വാരിയെടുക്കാൻ നീണ്ട
കുഞ്ഞു കൈകളിൽ
ചോണൻ കേറി ചുവന്നപ്പോഴും
ഒരു ചെറുചിരി ചുണ്ടിൽ
അപ്പൂപ്പന്റെ കൈയ്യിലെ
കാലൻകുട  പോലൊരു
കുഞ്ഞിക്കുട
എനിക്കും കിട്ടീലോ .......      


Sunday, August 17, 2014

പുതുവത്സരാശംസകൾ

ഇന്ന് ചിങ്ങം ഒന്ന് .നമ്മൾ മലയാളികൾക്ക് പുതുവർഷപ്പിറവി....പൊന്നോണത്തുടക്കം .രാവിലെ വെറുതെയൊന്ന് പാടത്തേക്കിറങ്ങിയതാണ്.മുക്കുറ്റിയും തുമ്പയും നെല്ലിപ്പൂവുമെല്ലാം അത്തച്ചമയങ്ങളണിയാൻ തുടങ്ങീട്ടേള്ളൂ .എന്നാലും ക്യാമറ വെറുതെയൊന്നു ചലിപ്പിച്ചു .ഹോ ഈ കാറ്റിനെക്കൊണ്ട് തോറ്റു .ഷേയ്ക്കായി പോയി .വെള്ളപേപ്പറിലാരോ കുത്തി വരഞ്ഞ പോലെ .  നിങ്ങളാരും പൂവിറുക്കൂംല്ല്യ പൂക്കളടൂംല്ല്യ വെറുതേ പടം പിടിക്കാൻ വന്നിരിക്കുന്നു ..ഹും ...എന്ന മട്ടിൽ ചെടികളെല്ലാം  കാറ്റിലാടിക്കളിക്കാൻ തുടങ്ങി .ആഹാ അങ്ങനെയായാൽ പറ്റില്ലല്ലോ അത്തം വരട്ടെ .ഇപ്രാവശ്യം തുമ്പപ്പൂവേ പൂത്തിരളേ പാടീട്ടെന്നെ കാര്യം.ഞാൻ വീട്ടിലേക്കു നടന്നു.
 എല്ലാർക്കും പുതുവത്സരാശംസകൾ........

Sunday, July 27, 2014

ഇലകൾ

ഇലകൾ രണ്ടെണ്ണം
ആകാശത്തിന്റെ
അനന്തതയെ നോക്കി
ഭൂമിയുടെ ആഴം നോക്കി
ഞാൻ ശ്വസിക്കുന്നത്
നിനക്കു വേണ്ടിയാണെന്ന്
പരസ്പരം പറയാതെ
പറഞ്ഞ്
ഒരു കൊമ്പിൽ
പ്രണയം പടർത്തി
ഒരു സന്ധ്യാരാഗത്തിനു
കാതോർത്ത് ......


Sunday, July 20, 2014

പനി പിടിച്ച കുന്ന്

പുഴ വറ്റിയതറിഞ്ഞ്
ഒരു പകൽ നിർത്താതെ
കരയുന്നുണ്ട് .
കുട നീർത്താതെ നിന്ന്
മഴകൊണ്ട കുന്ന്
പനിച്ചു വിറച്ചു .
തുമ്മലും ചീറ്റലും മാറാതെ
സഹികെട്ട കുന്ന്
വടി കുത്തിപ്പിടിച്ചിറങ്ങാൻ
തുടങ്ങി .
റോഡിലേക്കിറങ്ങി
വാതിലുകൾ മുട്ടി
മുറികൾ തോറും
 കയറിയിറങ്ങി
കമ്പിളിപ്പുതപ്പിന്റെ
ചൂടുപറ്റി
അടുപ്പുകല്ലിൽ പിടിച്ചുകേറി
കഞ്ഞിക്കലം കഴുകി കമഴ്ത്തി
വയലുകൾ കടന്ന്
വരമ്പുകളുടച്ച് 
വഴികളിലെല്ലാം
ചുമച്ചുതുപ്പി
അവസാനം
പെട്ടിക്കടയിൽ തൂങ്ങിക്കിടന്ന
പത്രക്കടലാസിൽ
ചുരുണ്ടുകൂടി .

 

Wednesday, July 9, 2014

തൊട്ടാവാടി

"തൊട്ടാവാടീ നിനക്കെന്താ തൊട്ടാൽ വാടാൻ 
വട്ടാണോ ചെടീ "
ആരോ പാടിക്കേട്ട വരികൾ ........

Saturday, July 5, 2014

സ്വപ്നങ്ങളോട്

എന്റെ ഹൃദയത്തിലിന്നുമൊരു
നെരിപ്പോടെരിയുന്നുണ്ട്
കനലുകളണയാതെ
ചൂടും വെളിച്ചവും
ചോരാതെ
നിനക്കുവേണ്ടി .
കാലിൽ നരകയറിയ
വൃദ്ധനെപ്പോലെ
ചടഞ്ഞുകൂടിയിരുന്നു
മതിയായില്ലേ നിനക്ക് .
എന്ത് നിൻ
 കണ്ണുകളിലിന്നുമിരുളെന്നോ
എന്ത് നിൻ
 കൈകളിലിന്നും വിലങ്ങെന്നോ
എന്ത് നിൻ
ശ്വാസവുമിന്നും കടമെന്നോ
വേണ്ട,
എനിക്കു കേൾക്കണ്ട
നിന്നെയും നിന്റെ
നിഴലും നിരാശയും .
സ്വപ്നങ്ങളേ നിങ്ങളൊന്നെഴുന്നേൽക്കൂ
ഈ നഷ്ടപ്പെടലുകൾ
കണ്ടുനിൽക്കാതെ .
കനലുകൾ
 വെറും കരിക്കഷ്ണങ്ങളല്ല
നീയൊന്നൂതി നോക്കൂ
അഗ്നിമരമാവും പിന്നെ നിൻ
ഇരുളും വിലങ്ങുകളുമൊരൂക്കൻ
നുണയാവും.
പണ്ടാരോ വരച്ചൊരു
തെളിയാത്ത വരയാവും .
സ്വപ്നങ്ങളേ നിങ്ങളൊന്നെഴുന്നേൽക്കൂ
നമുക്കൊന്നായ് പറക്കാം
മണ്ണിലൊരു നക്ഷത്രമാവാം
വെളിച്ചമാവാം   .

Tuesday, June 17, 2014

മഞ്ചാടിക്കുരു

ഇന്നലെകൾ
കൈകളിൽ നിന്നൂര്ന്നു വീണ
ഒരു പിടി മഞ്ചാടിക്കുരു പോലെ
ചുവന്നുതുടുത്തു മനസ്സിലങ്ങനെ
കിടക്കുകയാണ് .
ഒരു നറുമഴ മതി
വീണുമുളക്കാൻ.
പിന്നെ മിട്ടായിപ്പൊതികൾ
തുറന്ന്
പെൻസിൽ നുണഞ്ഞ്
പഞ്ഞിക്കായ പെറുക്കി
നടക്കാം .
ഒടുക്കം
സാറ്റ് പറയാൻ ഓടിക്കിതച്ചു
വരുമ്പോഴേക്കും കേൾക്കാം
ബെല്ല് .
പോക്കറ്റിൽ നിന്നെടുത്ത്
ഹലോ പറയുമ്പോഴേക്കും
മാഞ്ഞു പോയിട്ടുണ്ടായിരിക്കും
ആ ചുവന്ന  മഞ്ചാടിമണികൾ.

Wednesday, June 11, 2014

വേരുകൾ

വേരുകൾ മണ്ണിനടിയിൽ
കെട്ടുപിണഞ്ഞു കിടക്കുകയായിരുന്നു
ചീകിയൊതുക്കാത്ത
മുടിയിഴകൾ പോലെ .
മുകളിലൊരു കാടുവളർന്നതും
അതിൽ പൂവിരിഞ്ഞതും
കായ്‌ നിറഞ്ഞതുമൊന്നും
അവരറിഞ്ഞിരുന്നില്ല .
കിളികൾ വരുമെന്നും
കുയിൽ പാടുമെന്നും
അവരറിഞ്ഞിരുന്നില്ല .
എന്തിന്
ഇത്ര നാളായിട്ടും
പൊക്കിൾക്കൊടിപോലും
അറുത്തുമാറ്റിയിട്ടില്ല .
ജീവനരിച്ചു കയറുന്നത്
അതിലൂടെയാണല്ലോ.
അതെ
ഈ വേരുകളെന്നും
അമ്മയെപ്പോലെയാണ്
ഒന്നുമറിയേണ്ട
ഒരുപരാതിയുമില്ല
എന്നാലോ
എല്ലാം തന്നോളും
മണ്ണിനടിയിലെ ഈ താരാട്ട് .

Tuesday, June 3, 2014

എന്റെ മഴ

മഴ 
അപ്പൂപ്പൻ താടികളെപ്പോലെയാണ്
കാറ്റിൽ അലസമായി 
പാറി നടന്ന് 
എവിടെയോ വീണ് മുളക്കും .
മഴ
 അവളുടെ കൈകളിലെ 
കുപ്പിവളകളെപ്പോലെയാണ്
ഉറങ്ങാൻ സമ്മതിക്കാതെ 
കിലുകിലെ പൊട്ടിച്ചിരിക്കും .
മഴ 
മന്ദാരപ്പൂക്കളെപ്പോലെയാണ്
രാത്രി വിരിഞ്ഞ് 
പകലുദിക്കുമ്പോഴേക്കും 
ഇത്തിരി സുഗന്ധം ബാക്കിയാക്കി
കൊഴിയാറായിരിക്കും.
മഴ
പൊടിഞ്ഞുയരുന്ന
ഈയാംപാറ്റകളെപ്പോലെയാണ്
ആർക്കോവേണ്ടി
ഇത്തിരി നേരം തുള്ളിക്കളിച്ച്
ചിറകുകൾ പൊഴിച്ച്
സ്വയമൊടുങ്ങുന്നു.
എന്തൊക്കെയായാലും
എന്റെ മഴക്കിപ്പോഴും
പഴയ മമ്പഴച്ചാറിന്റെ മണം
തന്നെയാണ് .
എന്തോ കൈകളിലൂടെ ഒലിച്ചിറങ്ങുന്നുണ്ട്
മഴനീരോ അതോ
മാമ്പഴച്ചാറോ
വീണ്ടും
മധുരം മുളച്ചു തുടങ്ങിയിരിക്കുന്നു .

Thursday, May 29, 2014

ഒരു ന്യൂജനറേഷൻ ഡയറി

രാവിലെ എഴുന്നേറ്റു 
വിസ്തരിച്ചൊന്നു പല്ലുതേച്ചു .
പത്രപ്പരസ്യങ്ങളും വാട്ട്സപ് മെസ്സേജുകളും കൂട്ടി 
കാപ്പികുടി .
അതിവിസ്തരിച്ചൊരു തേച്ചുകുളി 
പൈപ്പുതുറന്നാൽ
വെള്ളം വരുന്നതുകൊണ്ട് 
വല്ല്യ അദ്ധ്വാനമില്ല.
സമയോം ഇഷ്ടം പോലെ .
ടീഷർട്ടും മുറിവാലൻ ജീൻസും 
വലിച്ചുവാരിയിട്ട് (ഇപ്പൊ അലമ്പാ ട്രെന്റു)
അമ്മക്ക് മുന്നിലൊരു പാൽപുഞ്ചിരി .
കിട്ടീലെ അഞ്ഞൂറ് 
അച്ഛനെ നോക്കീട്ട് കാര്യല്ല്യ് 
പോക്കറ്റിൽ നോക്കി 
അവട്ന്നും അഞ്ഞൂറ് .
ഹെഡ് സെറ്റും തൂക്കി 
യോ യോ സോങ്ങും കേട്ട് ബൈക്കിലൊരു റൗണ്ട്
ഫിനിഷിംഗ് പോയന്റു ഓട്ടോ സ്റ്റാന്റിനടുത്തെ
കൂൾബാർ.
ഇവനെവിടുന്നപ്പാന്ന നോട്ടത്തിന്
ഞാനേ ന്യൂ ജനറേഷനാടാന്നൊരു
മറുനോട്ടം .
നട്ടപ്രാന്തൻ പരമന്റെ കൂടെ നിന്നൊരു
ഉഗ്രൻ പോസ് .
fbടെ പുതിയ പ്രൊഫൈൽ പിക് റെഡി .
എന്റമ്മോ
ലൈക്കോടു ലൈക്ക്.
കമന്റോട് കമന്റു .
ഇതിലേതെടാ നീയെന്നു
ചോയ്ച്ചോനു കൊടുത്തു റിപ്‌ളെ
നിന്റ്പ്പർത്തു  നിക്ക്ന്നോൻ.
കൂതറാസ്(ഗ്രൂപ്പ്) പറഞ്ഞു
തനികൂതറ.
കച്ചറാസ് പറഞ്ഞു
തനികച്ചറ.
എല്ലാം കേട്ട് മനസ്സു നിറഞ്ഞ
ന്യൂ ജനറേഷൻകാരൻ
ഉറങ്ങാൻ കിടന്നു .
ഇനി വിസ്തരിച്ചൊരുറക്കം.    

Sunday, May 18, 2014

വേനൽക്കിളികൾ

ഇലകൊഴിഞ്ഞ മരങ്ങളിൽ 
പറന്നിറങ്ങിയ വേനൽക്കിളികൾ 
പറഞ്ഞു .
സ്വയമുരുകുന്ന സൂര്യാ നിനക്കു 
നന്ദി
ഞങ്ങളെ തളിരിലകളാക്കിയത്തിന് .
ഞങ്ങളിവിടെ വസന്തം 
തീർക്കാം .
ചിറകുകൾ കുടഞ്ഞ്‌ 
ചെറുതൂവലുകൾ പൊഴിക്കാം .
വേലിത്തലപ്പുകളിൽ വിരിഞ്ഞ 
അപ്പൂപ്പൻതാടികളിൽ 
പൂമ്പാറ്റകളായ് പാറിനടക്കാം 
പക്ഷേ ഇപ്പോൾ ഞാനൊരു 
മഴയായ് പൊഴിയാം 
നിന്നിലിത്തിരി നനവു  പടർത്താൻ .
ഞാൻ പെയ്തൊഴിയുമ്പോൾ 
നീയോർക്കുക 
ഈ തണുപ്പിലലിഞ്ഞിരിക്കുന്നത് 
എന്റെ ശ്വാസമായിരുന്ന
നിന്റെ ഹൃദയതാളം  തന്നെയാണെന്ന്.  

Thursday, April 17, 2014

മഴേം വെയിലും

വേനൽ  മഴ
കേറിക്കിടക്കാനിടമില്ലാതെ  
ചിണുങ്ങി തുടങ്ങിയപ്പോഴാണ്
മാവിൻ  ചോട്ടിലെ
കളിവീടു കണ്ടത് .
കുഞ്ഞിച്ചോറും  കൂട്ടാനും
വച്ച്
പാവപ്പെണ്ണി ന്റെ  കല്ല്യാണം
പൊടിപൊടിക്കുമ്പോഴാണ്
വേനൽമഴയുടെ വരവ്
അതിഥി സൽക്കാരത്തിനു നിൽക്കാതെ
നാലുപാടും ചിതറിത്തെറിച്ച കുട്ടിക്കൂട്ടം
മഴയെ ശപിച്ചു .
"നശിച്ച മഴ "
"ഒടുക്കത്തെ മഴ "
"പ്രാന്തൻ മഴ ".
എല്ലാം കേട്ടുകൊണ്ട്
തണുത്തുവിറച്ച്
ആരെയോ കാത്തിരിക്കുകയായിരുന്നു
മഴ .
മേഘക്കീറുകൾക്കിടയിലൂടെ
പറന്നിറങ്ങിയ പുതുവെയിൽ
നനഞ്ഞു കുതിര്‍ന്ന മഴയെ
ചേർത്തു പിടിച്ചു .
മഴത്തുള്ളികൾ വെയിൽ നിറത്തിൽ
തിളങ്ങി .
അകലെ എവിടെ നിന്നോ ഒരു
കല്ല്യാണമേളം.
കുട്ടിക്കൂട്ടം ഉറക്കെ പാടി .
"മഴേം വെയിലും
കുറുക്കന്റെ കല്യാണം ".
അപ്പോഴും ആരും അറിഞ്ഞിരുന്നില്ല
ഈ മഴയും വെയിലും
പ്രണയത്തിലായിരുന്നെന്ന് .  

Friday, February 14, 2014

കടലാസ് പൂക്കൾ

വഴി മറന്ന മകനെയോർത്തമ്മ
കരയുമ്പോൾ
കേൾക്കാം വൃദ്ധസദനത്തിൻ
ഞരക്കങ്ങൾ
കാണാം തുരുമ്പിച്ച  ജനലഴികൾ .
വാൾത്തലയുടെ  ചുവപ്പടയാളത്തിനിടയിൽ
താലിയറ്റ നിലവിളികൾ .
നീളുന്ന പിച്ചപ്പാത്രങ്ങളിൽ
ഉറവോ വലിയൊരു
ചോദ്യചിഹ്നം .
പച്ചയെത്തിന്നു തുടുത്ത
നിരത്തുകൾ
പുഴയെ കുടിച്ചു വറ്റിച്ച
നിഴലുകൾ .
മലയാളി മങ്കമാർ
ഫ്ലാഷ് ലൈറ്റിൽ മുങ്ങുമ്പോൾ
മധുരം തുളുമ്പുന്ന
 മിഴികളും മൊഴികളും.
ഹോ !
ഭൂപടം വരച്ചപ്പോൾ തെളിഞ്ഞ
 വളഞ്ഞ വരകൾ ....
ഡ്രോയിങ്ങ് ബുക്കിലെ
കളിവീട്ടിൽ നിന്നിറങ്ങി വന്ന
കടലാസ് പെൻസിലിന്റെ
പിന്നറ്റത്തെ കുഞ്ഞു റബ്ബർതുണ്ട്
കടലാസ്സിൽ കിടന്നുരുണ്ടു.
കട്ടറിനുളളിൽ  പിടഞ്ഞു മരിച്ച
കടലാസുപൂക്കൾ
കൂർത്ത മുനകളെ
നോക്കി ചിരിച്ചു .

Friday, January 31, 2014

വിളക്കുതിരി

കറുത്ത മേഘങ്ങൾ 
കുടഞ്ഞിട്ട തണുപ്പ് 
ഓലക്കീറുകളുടെ
ദ്രവിച്ച അസ്ഥികളെ 
ഞെരിച്ചു കളഞ്ഞു.
അടുത്തു കിടന്ന മുഖമില്ലാത്ത 
മംസകഷണത്തെ 
മാറോടണച്ചപ്പോൾ
ഉയർന്നു വന്നത് 
ഒരു വലിയ 
ദീ ർഘനിശ്വാസമായിരുന്നു .
അതിൽ രാത്രിയിൽ വിരിഞ്ഞ 
ഏതോ കാട്ടുപൂക്കളുടെ 
മണം പരക്കുന്നത് 
അവളറിഞ്ഞു .
വിടർന്നു കത്തും മുൻപേ 
എണ്ണയിലെക്കെടുത്തെറിയപ്പെട്ട
വിളക്കുതിരി 
ഇരുട്ടുറങ്ങാൻ കാത്തിരുന്നു
ഒരു സൂര്യനായ് 
ഉദിച്ചുയരാൻ .
പകലുണർന്നപ്പോൾ
ആ മാംസക്കഷ്ണം പറഞ്ഞു 
നിനക്ക് സൂര്യനാവാനുള്ള 
വെളിച്ചമില്ല .
അപ്പോഴാണവൾ കണ്ടത് 
അയാൾക്കൊരു മുഖമുണ്ട് 
ഒരു ശബ്ദവും .
പക്ഷേ .....
അവളുടെ മുഖം .......
എണ്ണയിൽ കുതിർന്നു കിടന്ന 
മുഖം കരിഞ്ഞ വിളക്കുതിരി 
ഉറക്കച്ചടവോടെ മലർന്നു കിടന്നു.
കരയണമെന്നുണ്ടായിരുന്നു ....
കണ്‍തടങ്ങൾക്കു ചുറ്റും 
വരിഞ്ഞു മുറുക്കിയ 
വിശപ്പിന്റെ മാറാലകൾ 
ആ കണ്ണുനീർ പോലും 
ആർത്തിയോടെ വിഴുങ്ങി 
ഇടം കൈയ്യിൽ ചുരുട്ടിപ്പിടിച്ച 
മുഷിഞ്ഞ നോട്ടുകൾ 
അവളുടെ പകലുറക്കങ്ങളിൽ 
താരാട്ടുകൾ മൂളി .