Tuesday, June 17, 2014

മഞ്ചാടിക്കുരു

ഇന്നലെകൾ
കൈകളിൽ നിന്നൂര്ന്നു വീണ
ഒരു പിടി മഞ്ചാടിക്കുരു പോലെ
ചുവന്നുതുടുത്തു മനസ്സിലങ്ങനെ
കിടക്കുകയാണ് .
ഒരു നറുമഴ മതി
വീണുമുളക്കാൻ.
പിന്നെ മിട്ടായിപ്പൊതികൾ
തുറന്ന്
പെൻസിൽ നുണഞ്ഞ്
പഞ്ഞിക്കായ പെറുക്കി
നടക്കാം .
ഒടുക്കം
സാറ്റ് പറയാൻ ഓടിക്കിതച്ചു
വരുമ്പോഴേക്കും കേൾക്കാം
ബെല്ല് .
പോക്കറ്റിൽ നിന്നെടുത്ത്
ഹലോ പറയുമ്പോഴേക്കും
മാഞ്ഞു പോയിട്ടുണ്ടായിരിക്കും
ആ ചുവന്ന  മഞ്ചാടിമണികൾ.

Wednesday, June 11, 2014

വേരുകൾ

വേരുകൾ മണ്ണിനടിയിൽ
കെട്ടുപിണഞ്ഞു കിടക്കുകയായിരുന്നു
ചീകിയൊതുക്കാത്ത
മുടിയിഴകൾ പോലെ .
മുകളിലൊരു കാടുവളർന്നതും
അതിൽ പൂവിരിഞ്ഞതും
കായ്‌ നിറഞ്ഞതുമൊന്നും
അവരറിഞ്ഞിരുന്നില്ല .
കിളികൾ വരുമെന്നും
കുയിൽ പാടുമെന്നും
അവരറിഞ്ഞിരുന്നില്ല .
എന്തിന്
ഇത്ര നാളായിട്ടും
പൊക്കിൾക്കൊടിപോലും
അറുത്തുമാറ്റിയിട്ടില്ല .
ജീവനരിച്ചു കയറുന്നത്
അതിലൂടെയാണല്ലോ.
അതെ
ഈ വേരുകളെന്നും
അമ്മയെപ്പോലെയാണ്
ഒന്നുമറിയേണ്ട
ഒരുപരാതിയുമില്ല
എന്നാലോ
എല്ലാം തന്നോളും
മണ്ണിനടിയിലെ ഈ താരാട്ട് .

Tuesday, June 3, 2014

എന്റെ മഴ

മഴ 
അപ്പൂപ്പൻ താടികളെപ്പോലെയാണ്
കാറ്റിൽ അലസമായി 
പാറി നടന്ന് 
എവിടെയോ വീണ് മുളക്കും .
മഴ
 അവളുടെ കൈകളിലെ 
കുപ്പിവളകളെപ്പോലെയാണ്
ഉറങ്ങാൻ സമ്മതിക്കാതെ 
കിലുകിലെ പൊട്ടിച്ചിരിക്കും .
മഴ 
മന്ദാരപ്പൂക്കളെപ്പോലെയാണ്
രാത്രി വിരിഞ്ഞ് 
പകലുദിക്കുമ്പോഴേക്കും 
ഇത്തിരി സുഗന്ധം ബാക്കിയാക്കി
കൊഴിയാറായിരിക്കും.
മഴ
പൊടിഞ്ഞുയരുന്ന
ഈയാംപാറ്റകളെപ്പോലെയാണ്
ആർക്കോവേണ്ടി
ഇത്തിരി നേരം തുള്ളിക്കളിച്ച്
ചിറകുകൾ പൊഴിച്ച്
സ്വയമൊടുങ്ങുന്നു.
എന്തൊക്കെയായാലും
എന്റെ മഴക്കിപ്പോഴും
പഴയ മമ്പഴച്ചാറിന്റെ മണം
തന്നെയാണ് .
എന്തോ കൈകളിലൂടെ ഒലിച്ചിറങ്ങുന്നുണ്ട്
മഴനീരോ അതോ
മാമ്പഴച്ചാറോ
വീണ്ടും
മധുരം മുളച്ചു തുടങ്ങിയിരിക്കുന്നു .