Wednesday, May 22, 2013

ഒരു പ്രാന്തന്റെ കഥ


തെരുവിൽ  നിന്നൊരു പ്രാന്തൻ
ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു
ഇതാ
ഇവൾക്കിപ്പോഴും 
ജീവനുണ്ട് .
മൊബൈലിൽ നിന്നും 
അരിച്ചു കയറിയ നൂലുകൾ
അവരുടെ കാതുകളടച്ചിരുന്നു .
കണ്ണുകളിൽ
അക്കങ്ങളിലൂടെ കുതിച്ചു പായുന്ന
സൂചിയുടെ വേഗങ്ങളല്ലാതെ
അവർ
വേറൊന്നും കണ്ടില്ല .
പകലുദിച്ചപ്പോൾ
അവർ വന്നു.
തൊണ്ട വരണ്ട് കണ്ണിൽ
ഇരുട്ട് കയറിയ പ്രാന്തൻ
ഫ്ലാഷുകൾ മിന്നിയപ്പോൾ
ഉണർന്നു .
അയാള്ക്ക് മുന്നിലൂടെ കുതിച്ചൊഴുകിയ
ആൾക്കൂട്ടം   വിളിച്ചുപറയുന്നു ണ്ടായിരുന്നു
നിർഭയാ  നീയിന്നും  ജീവിക്കുന്നു 
ഞങ്ങളുടെ ഓർമകളിൽ .
അയാൾ ചിരിച്ചുകൊണ്ട്
കാതുകൾ പൊത്തി .
പിന്നെ മെല്ലെ പറഞ്ഞു
അവൾക്കു ശരിക്കും ജീവനുണ്ടായിരുന്നു
ഇന്നലെ .

No comments:

Post a Comment