Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Sunday, February 15, 2015

മഴ

എൻറെ ജനാലചില്ലുകളെ
നനച്ച് കടന്നുപോയ
ഒരു മഴ
നിന്റെ  മുടിയിഴകളിലെ
നീർത്തുള്ളികൾ പോലെ
മനസ്സിലങ്ങനെ പറ്റിപ്പിടിച്ചു
കിടക്കുകയാണ് .
ഓർമപ്പൂക്കൾ കൊഴിച്ച്
ഹൃദയത്തിലെ ഇടവഴികളെ
ഇക്കിളിപ്പെടുത്തുന്ന
ഒഴിഞ്ഞ കൊമ്പുകൾ .
എന്നെ ഞാനങ്ങനെ
വിളിക്കട്ടെ .
ചുറ്റിലും വീശുന്ന കാറ്റിന്
നിന്റെ വിരൽത്തുമ്പിൽ
തൊടുമ്പോഴുണ്ടാകുന്ന
 അതേ തണുപ്പ് .
ഓരോ തണലും
നിന്റെ നിഴൽ നെയ്ത
നേർത്ത വിരികൾ പോലെ .
ക്യാമ്പസ് വഴികളിലെ
മഞ്ഞ കോസ്മോസ് പൂക്കൾ
നിന്റെ  പുഞ്ചിരി കവർന്നെടുത്ത പോലെ
എന്നെ നോക്കി ചിരിക്കുന്നു .
ഗുൽമോഹർ മരങ്ങൾ
ഇന്നും പൂക്കൾ കൊഴിക്കുന്നുണ്ട്
എന്നെയും കാത്തിരുന്ന് നിറയുന്ന
നിന്റെ കണ്ണുകൾ
തുടക്കാനെന്ന പോലെ .
അന്ന് നിന്റെ കണ്ണുകളിലെ
ആഴം കാണുമ്പോൾ
പലപ്പോഴും പറയാൻ
കൊതിച്ചതാണ്
നിനക്കായ്‌ ഞാനൊരു
വസന്തകാലം
ഒളിച്ചു വച്ചിട്ടുണ്ടെന്ന് .
പക്ഷേ
നീയെന്തേ
ഒന്നും കേൾക്കാൻ നിൽക്കാതെ
ഒന്നും കാണാൻ നിൽക്കാതെ
അകലെ
നക്ഷത്രങ്ങൾക്കിടയിൽ
പോയൊളിച്ചത്‌.
ഒഴിഞ്ഞ മരുന്നുകൂടുകളും
മരണം മണക്കുന്ന
നീണ്ട ആശുപത്രി വരാന്തയും വരെ
എനിക്ക് നിന്നോടുള്ള പ്രണയം
അറിഞ്ഞിരുന്നു .
പക്ഷേ
ക്യാൻസർ കാർന്നുതിന്ന
നിന്റെ മെലിഞ്ഞ ഹൃദയമിടിപ്പുകൾ
മാത്രം ഒന്നും കേൾക്കാൻ
കൂട്ടാക്കിയില്ല .
ഇന്നീ കാക്കത്തൊള്ളായിരം
നക്ഷത്രങ്ങളെ സാക്ഷിയാക്കി
ഞാൻ പറയട്ടെ
ഇന്നും നിന്നെ ഞാൻ പ്രണയിക്കുന്നു .
എന്റെ ജീവനെക്കാളേറെ .
അതുകൊണ്ടാണല്ലോ
ഒഴിയാത്ത ഓരോ
ആശുപത്രിക്കിടക്കയിലും
നിന്റെ  ഇണക്കങ്ങളും പിണക്കങ്ങളും
പരിഭവങ്ങളും
കുഞ്ഞികുസൃതികളും
നിറഞ്ഞു നില്ക്കുന്നത് .
വേദന മാറിയ ഓരോ
പുഞ്ചിരിയിലും
നിന്റെ മുഖം ഞാൻ കാണുന്നത് .
എന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു .
നീയും കരയുകയാണോ 
മഴ ................
നീയെനിക്ക്
പ്രിയപ്പെട്ടതാകുന്നു .
എന്റെ കണ്ണുകൾ തുടച്ച്
പ്രണയം പെയ്യിച്ചതിന് .

Saturday, November 8, 2014

നിറങ്ങൾ തേടി

വെള്ളക്കുതിരകൾ
മഞ്ഞുമാലാഖമാർ
വെണ്ണക്കല്ലിലൊരു
മേഘമൽഹാർ .
മായ്ച്ചും വരച്ചും
മുന്നേറുന്ന
വെള്ളിമേഘങ്ങൾ .
ആകാശക്കടലാസിലെ
ജീവനില്ലാത്ത ,
നിറമില്ലാത്ത
മായക്കാഴ്ചകളാണ്
മേഘങ്ങളെന്ന്
പണ്ടാരോ പറഞ്ഞു .
അത് കേട്ട പകൽനക്ഷത്രങ്ങൾ
രാത്രി വരുമെന്നോർക്കാതെ
മഴപ്പൂക്കളായ്
കൊഴിഞ്ഞു വീണു .
അതിലൊരു തുള്ളി
കാറ്റിന്റെ ചിറകിലേറി
നിറങ്ങൾ തേടിയലഞ്ഞു .
ഒറ്റയായ തുള്ളിക്കുവേണ്ടി
മേഘങ്ങളൊരു
മഴവില്ലു വരച്ചു .
മഴവില്ലിനറ്റം പിടിച്ച്
മഴത്തുള്ളിയോ
മയിലായ് പറന്നിറങ്ങി . 

Wednesday, September 17, 2014

ഞാൻ

ഇരുളടർന്നുവീണ് കരിഞ്ഞുണങ്ങിയ
ഒരു പകൽ .
നക്ഷത്രക്കണ്ണുകളിൽ വെള്ളം
നിറഞ്ഞ്
ചോർന്നൊലിച്ച
ഉപ്പു ചുവയ്ക്കുന്ന മഴ .
കരക്കടിഞ്ഞ ചത്ത മീനുകളെ
കൊത്തി വലിക്കുന്ന
കടൽക്കാക്ക നോട്ടങ്ങൾ .
കാലടിയിലെ അടർന്ന മണ്ണിൽ
നിന്റെ കൂർത്ത വാക്കുകളുടെ
ഒരിക്കലും മായാത്ത കറ .
അന്നു ഞാൻ തൂത്തു തുടച്ചെറിഞ്ഞ
വിശപ്പിന്റെ മാറാലകൾ
പഴകി ദ്രവിച്ചതിനാലാവണം
പരിഹാസം
ചിലന്തി വലയായിത്തുടങ്ങിയത് .


Friday, September 5, 2014

കുഞ്ഞിക്കുട


മഴ വിതറിയിട്ടുപോയ
വെളുത്തു മെലിഞ്ഞ
കൂണുകൾ
കറുത്തിരുണ്ട് ചളി നിറഞ്ഞ
മണ്ണിലൊരു
വെള്ളാരം കല്ലുപോലെ.
വാരിയെടുക്കാൻ നീണ്ട
കുഞ്ഞു കൈകളിൽ
ചോണൻ കേറി ചുവന്നപ്പോഴും
ഒരു ചെറുചിരി ചുണ്ടിൽ
അപ്പൂപ്പന്റെ കൈയ്യിലെ
കാലൻകുട  പോലൊരു
കുഞ്ഞിക്കുട
എനിക്കും കിട്ടീലോ .......      


Sunday, July 27, 2014

ഇലകൾ

ഇലകൾ രണ്ടെണ്ണം
ആകാശത്തിന്റെ
അനന്തതയെ നോക്കി
ഭൂമിയുടെ ആഴം നോക്കി
ഞാൻ ശ്വസിക്കുന്നത്
നിനക്കു വേണ്ടിയാണെന്ന്
പരസ്പരം പറയാതെ
പറഞ്ഞ്
ഒരു കൊമ്പിൽ
പ്രണയം പടർത്തി
ഒരു സന്ധ്യാരാഗത്തിനു
കാതോർത്ത് ......


Sunday, July 20, 2014

പനി പിടിച്ച കുന്ന്

പുഴ വറ്റിയതറിഞ്ഞ്
ഒരു പകൽ നിർത്താതെ
കരയുന്നുണ്ട് .
കുട നീർത്താതെ നിന്ന്
മഴകൊണ്ട കുന്ന്
പനിച്ചു വിറച്ചു .
തുമ്മലും ചീറ്റലും മാറാതെ
സഹികെട്ട കുന്ന്
വടി കുത്തിപ്പിടിച്ചിറങ്ങാൻ
തുടങ്ങി .
റോഡിലേക്കിറങ്ങി
വാതിലുകൾ മുട്ടി
മുറികൾ തോറും
 കയറിയിറങ്ങി
കമ്പിളിപ്പുതപ്പിന്റെ
ചൂടുപറ്റി
അടുപ്പുകല്ലിൽ പിടിച്ചുകേറി
കഞ്ഞിക്കലം കഴുകി കമഴ്ത്തി
വയലുകൾ കടന്ന്
വരമ്പുകളുടച്ച് 
വഴികളിലെല്ലാം
ചുമച്ചുതുപ്പി
അവസാനം
പെട്ടിക്കടയിൽ തൂങ്ങിക്കിടന്ന
പത്രക്കടലാസിൽ
ചുരുണ്ടുകൂടി .

 

Saturday, July 5, 2014

സ്വപ്നങ്ങളോട്

എന്റെ ഹൃദയത്തിലിന്നുമൊരു
നെരിപ്പോടെരിയുന്നുണ്ട്
കനലുകളണയാതെ
ചൂടും വെളിച്ചവും
ചോരാതെ
നിനക്കുവേണ്ടി .
കാലിൽ നരകയറിയ
വൃദ്ധനെപ്പോലെ
ചടഞ്ഞുകൂടിയിരുന്നു
മതിയായില്ലേ നിനക്ക് .
എന്ത് നിൻ
 കണ്ണുകളിലിന്നുമിരുളെന്നോ
എന്ത് നിൻ
 കൈകളിലിന്നും വിലങ്ങെന്നോ
എന്ത് നിൻ
ശ്വാസവുമിന്നും കടമെന്നോ
വേണ്ട,
എനിക്കു കേൾക്കണ്ട
നിന്നെയും നിന്റെ
നിഴലും നിരാശയും .
സ്വപ്നങ്ങളേ നിങ്ങളൊന്നെഴുന്നേൽക്കൂ
ഈ നഷ്ടപ്പെടലുകൾ
കണ്ടുനിൽക്കാതെ .
കനലുകൾ
 വെറും കരിക്കഷ്ണങ്ങളല്ല
നീയൊന്നൂതി നോക്കൂ
അഗ്നിമരമാവും പിന്നെ നിൻ
ഇരുളും വിലങ്ങുകളുമൊരൂക്കൻ
നുണയാവും.
പണ്ടാരോ വരച്ചൊരു
തെളിയാത്ത വരയാവും .
സ്വപ്നങ്ങളേ നിങ്ങളൊന്നെഴുന്നേൽക്കൂ
നമുക്കൊന്നായ് പറക്കാം
മണ്ണിലൊരു നക്ഷത്രമാവാം
വെളിച്ചമാവാം   .

Tuesday, June 17, 2014

മഞ്ചാടിക്കുരു

ഇന്നലെകൾ
കൈകളിൽ നിന്നൂര്ന്നു വീണ
ഒരു പിടി മഞ്ചാടിക്കുരു പോലെ
ചുവന്നുതുടുത്തു മനസ്സിലങ്ങനെ
കിടക്കുകയാണ് .
ഒരു നറുമഴ മതി
വീണുമുളക്കാൻ.
പിന്നെ മിട്ടായിപ്പൊതികൾ
തുറന്ന്
പെൻസിൽ നുണഞ്ഞ്
പഞ്ഞിക്കായ പെറുക്കി
നടക്കാം .
ഒടുക്കം
സാറ്റ് പറയാൻ ഓടിക്കിതച്ചു
വരുമ്പോഴേക്കും കേൾക്കാം
ബെല്ല് .
പോക്കറ്റിൽ നിന്നെടുത്ത്
ഹലോ പറയുമ്പോഴേക്കും
മാഞ്ഞു പോയിട്ടുണ്ടായിരിക്കും
ആ ചുവന്ന  മഞ്ചാടിമണികൾ.

Tuesday, June 3, 2014

എന്റെ മഴ

മഴ 
അപ്പൂപ്പൻ താടികളെപ്പോലെയാണ്
കാറ്റിൽ അലസമായി 
പാറി നടന്ന് 
എവിടെയോ വീണ് മുളക്കും .
മഴ
 അവളുടെ കൈകളിലെ 
കുപ്പിവളകളെപ്പോലെയാണ്
ഉറങ്ങാൻ സമ്മതിക്കാതെ 
കിലുകിലെ പൊട്ടിച്ചിരിക്കും .
മഴ 
മന്ദാരപ്പൂക്കളെപ്പോലെയാണ്
രാത്രി വിരിഞ്ഞ് 
പകലുദിക്കുമ്പോഴേക്കും 
ഇത്തിരി സുഗന്ധം ബാക്കിയാക്കി
കൊഴിയാറായിരിക്കും.
മഴ
പൊടിഞ്ഞുയരുന്ന
ഈയാംപാറ്റകളെപ്പോലെയാണ്
ആർക്കോവേണ്ടി
ഇത്തിരി നേരം തുള്ളിക്കളിച്ച്
ചിറകുകൾ പൊഴിച്ച്
സ്വയമൊടുങ്ങുന്നു.
എന്തൊക്കെയായാലും
എന്റെ മഴക്കിപ്പോഴും
പഴയ മമ്പഴച്ചാറിന്റെ മണം
തന്നെയാണ് .
എന്തോ കൈകളിലൂടെ ഒലിച്ചിറങ്ങുന്നുണ്ട്
മഴനീരോ അതോ
മാമ്പഴച്ചാറോ
വീണ്ടും
മധുരം മുളച്ചു തുടങ്ങിയിരിക്കുന്നു .

Thursday, May 29, 2014

ഒരു ന്യൂജനറേഷൻ ഡയറി

രാവിലെ എഴുന്നേറ്റു 
വിസ്തരിച്ചൊന്നു പല്ലുതേച്ചു .
പത്രപ്പരസ്യങ്ങളും വാട്ട്സപ് മെസ്സേജുകളും കൂട്ടി 
കാപ്പികുടി .
അതിവിസ്തരിച്ചൊരു തേച്ചുകുളി 
പൈപ്പുതുറന്നാൽ
വെള്ളം വരുന്നതുകൊണ്ട് 
വല്ല്യ അദ്ധ്വാനമില്ല.
സമയോം ഇഷ്ടം പോലെ .
ടീഷർട്ടും മുറിവാലൻ ജീൻസും 
വലിച്ചുവാരിയിട്ട് (ഇപ്പൊ അലമ്പാ ട്രെന്റു)
അമ്മക്ക് മുന്നിലൊരു പാൽപുഞ്ചിരി .
കിട്ടീലെ അഞ്ഞൂറ് 
അച്ഛനെ നോക്കീട്ട് കാര്യല്ല്യ് 
പോക്കറ്റിൽ നോക്കി 
അവട്ന്നും അഞ്ഞൂറ് .
ഹെഡ് സെറ്റും തൂക്കി 
യോ യോ സോങ്ങും കേട്ട് ബൈക്കിലൊരു റൗണ്ട്
ഫിനിഷിംഗ് പോയന്റു ഓട്ടോ സ്റ്റാന്റിനടുത്തെ
കൂൾബാർ.
ഇവനെവിടുന്നപ്പാന്ന നോട്ടത്തിന്
ഞാനേ ന്യൂ ജനറേഷനാടാന്നൊരു
മറുനോട്ടം .
നട്ടപ്രാന്തൻ പരമന്റെ കൂടെ നിന്നൊരു
ഉഗ്രൻ പോസ് .
fbടെ പുതിയ പ്രൊഫൈൽ പിക് റെഡി .
എന്റമ്മോ
ലൈക്കോടു ലൈക്ക്.
കമന്റോട് കമന്റു .
ഇതിലേതെടാ നീയെന്നു
ചോയ്ച്ചോനു കൊടുത്തു റിപ്‌ളെ
നിന്റ്പ്പർത്തു  നിക്ക്ന്നോൻ.
കൂതറാസ്(ഗ്രൂപ്പ്) പറഞ്ഞു
തനികൂതറ.
കച്ചറാസ് പറഞ്ഞു
തനികച്ചറ.
എല്ലാം കേട്ട് മനസ്സു നിറഞ്ഞ
ന്യൂ ജനറേഷൻകാരൻ
ഉറങ്ങാൻ കിടന്നു .
ഇനി വിസ്തരിച്ചൊരുറക്കം.    

Sunday, May 18, 2014

വേനൽക്കിളികൾ

ഇലകൊഴിഞ്ഞ മരങ്ങളിൽ 
പറന്നിറങ്ങിയ വേനൽക്കിളികൾ 
പറഞ്ഞു .
സ്വയമുരുകുന്ന സൂര്യാ നിനക്കു 
നന്ദി
ഞങ്ങളെ തളിരിലകളാക്കിയത്തിന് .
ഞങ്ങളിവിടെ വസന്തം 
തീർക്കാം .
ചിറകുകൾ കുടഞ്ഞ്‌ 
ചെറുതൂവലുകൾ പൊഴിക്കാം .
വേലിത്തലപ്പുകളിൽ വിരിഞ്ഞ 
അപ്പൂപ്പൻതാടികളിൽ 
പൂമ്പാറ്റകളായ് പാറിനടക്കാം 
പക്ഷേ ഇപ്പോൾ ഞാനൊരു 
മഴയായ് പൊഴിയാം 
നിന്നിലിത്തിരി നനവു  പടർത്താൻ .
ഞാൻ പെയ്തൊഴിയുമ്പോൾ 
നീയോർക്കുക 
ഈ തണുപ്പിലലിഞ്ഞിരിക്കുന്നത് 
എന്റെ ശ്വാസമായിരുന്ന
നിന്റെ ഹൃദയതാളം  തന്നെയാണെന്ന്.  

Thursday, April 17, 2014

മഴേം വെയിലും

വേനൽ  മഴ
കേറിക്കിടക്കാനിടമില്ലാതെ  
ചിണുങ്ങി തുടങ്ങിയപ്പോഴാണ്
മാവിൻ  ചോട്ടിലെ
കളിവീടു കണ്ടത് .
കുഞ്ഞിച്ചോറും  കൂട്ടാനും
വച്ച്
പാവപ്പെണ്ണി ന്റെ  കല്ല്യാണം
പൊടിപൊടിക്കുമ്പോഴാണ്
വേനൽമഴയുടെ വരവ്
അതിഥി സൽക്കാരത്തിനു നിൽക്കാതെ
നാലുപാടും ചിതറിത്തെറിച്ച കുട്ടിക്കൂട്ടം
മഴയെ ശപിച്ചു .
"നശിച്ച മഴ "
"ഒടുക്കത്തെ മഴ "
"പ്രാന്തൻ മഴ ".
എല്ലാം കേട്ടുകൊണ്ട്
തണുത്തുവിറച്ച്
ആരെയോ കാത്തിരിക്കുകയായിരുന്നു
മഴ .
മേഘക്കീറുകൾക്കിടയിലൂടെ
പറന്നിറങ്ങിയ പുതുവെയിൽ
നനഞ്ഞു കുതിര്‍ന്ന മഴയെ
ചേർത്തു പിടിച്ചു .
മഴത്തുള്ളികൾ വെയിൽ നിറത്തിൽ
തിളങ്ങി .
അകലെ എവിടെ നിന്നോ ഒരു
കല്ല്യാണമേളം.
കുട്ടിക്കൂട്ടം ഉറക്കെ പാടി .
"മഴേം വെയിലും
കുറുക്കന്റെ കല്യാണം ".
അപ്പോഴും ആരും അറിഞ്ഞിരുന്നില്ല
ഈ മഴയും വെയിലും
പ്രണയത്തിലായിരുന്നെന്ന് .  

Friday, January 31, 2014

വിളക്കുതിരി

കറുത്ത മേഘങ്ങൾ 
കുടഞ്ഞിട്ട തണുപ്പ് 
ഓലക്കീറുകളുടെ
ദ്രവിച്ച അസ്ഥികളെ 
ഞെരിച്ചു കളഞ്ഞു.
അടുത്തു കിടന്ന മുഖമില്ലാത്ത 
മംസകഷണത്തെ 
മാറോടണച്ചപ്പോൾ
ഉയർന്നു വന്നത് 
ഒരു വലിയ 
ദീ ർഘനിശ്വാസമായിരുന്നു .
അതിൽ രാത്രിയിൽ വിരിഞ്ഞ 
ഏതോ കാട്ടുപൂക്കളുടെ 
മണം പരക്കുന്നത് 
അവളറിഞ്ഞു .
വിടർന്നു കത്തും മുൻപേ 
എണ്ണയിലെക്കെടുത്തെറിയപ്പെട്ട
വിളക്കുതിരി 
ഇരുട്ടുറങ്ങാൻ കാത്തിരുന്നു
ഒരു സൂര്യനായ് 
ഉദിച്ചുയരാൻ .
പകലുണർന്നപ്പോൾ
ആ മാംസക്കഷ്ണം പറഞ്ഞു 
നിനക്ക് സൂര്യനാവാനുള്ള 
വെളിച്ചമില്ല .
അപ്പോഴാണവൾ കണ്ടത് 
അയാൾക്കൊരു മുഖമുണ്ട് 
ഒരു ശബ്ദവും .
പക്ഷേ .....
അവളുടെ മുഖം .......
എണ്ണയിൽ കുതിർന്നു കിടന്ന 
മുഖം കരിഞ്ഞ വിളക്കുതിരി 
ഉറക്കച്ചടവോടെ മലർന്നു കിടന്നു.
കരയണമെന്നുണ്ടായിരുന്നു ....
കണ്‍തടങ്ങൾക്കു ചുറ്റും 
വരിഞ്ഞു മുറുക്കിയ 
വിശപ്പിന്റെ മാറാലകൾ 
ആ കണ്ണുനീർ പോലും 
ആർത്തിയോടെ വിഴുങ്ങി 
ഇടം കൈയ്യിൽ ചുരുട്ടിപ്പിടിച്ച 
മുഷിഞ്ഞ നോട്ടുകൾ 
അവളുടെ പകലുറക്കങ്ങളിൽ 
താരാട്ടുകൾ മൂളി .

Sunday, December 22, 2013

മഴ

മതിലുകളിൽ പച്ച പടരുന്നു
വരമ്പുകളുടച്ചു
മഴയൊലിക്കുന്നു .
വക്കൊടിഞ്ഞ സ്ലേറ്റുകഷ്ണത്തിൽ
മഷിത്തണ്ടുകളുരയുന്നു .
തണുപ്പിന്റെ കമ്പിളി
പഴമയുടെ മണവുമായി
വിളക്കിന്റെ ചുവട്ടിൽ ചുരുളുന്നു .
ഇതാ ഈ മഴയെന്റെ
മനസ്സിൽ നിറയുന്നു .

Friday, June 14, 2013

മഴക്കിലുക്കം


വിരിയാൻ വെമ്പുന്ന
ഏതോ  ഇടവഴികൾ 
നിന്റെ  മഴക്കിലുക്കത്തിനായി
കാതോർത്തിരിക്കുന്നു .......

Thursday, May 23, 2013

മതിലുകൾക്കപ്പുറത്തേക്ക്


ചായങ്ങൾ അടർന്നുവീണ ആ 
മതിലുകൾ 
വലിയ മറ തന്നെയായിരുന്നു .
വെളിച്ചത്തെ മറച്ച മതിലുകൾക്ക് 
മരണമില്ലയിരുന്നു .
ഇരുട്ട് അണിയിച്ച തിളക്കങ്ങൾക്കു
പകലിൽ
ചുവന്ന തുപ്പൽക്കറയുടെ
നിറമായിരുന്നു .
കറകൾ ഒരിക്കലും
മായില്ലെന്നുറപ്പായിട്ടും  
ആ മതിലുകൾക്കപ്പുറം 
ഏതോ റോസക്കമ്പുകൾക്കുവേണ്ടി
കൊതിച്ചിരുന്നു .

Saturday, May 18, 2013

പാട്ട്

ഇന്നലെ മഴ  വിരിഞ്ഞ  
നേരത്തു 
പുതുമണ്ണിൽ   കിടന്നുരുണ്ട 
കാറ്റ് 
കുളക്കടവിലെ 
ഒതുക്കുകല്ലിൽ 
തലയിടിച്ചു വീണ 
മഴത്തുള്ളികളെയും 
പെറുക്കി  പാഞ്ഞു
ചെറു  ചാലായി 
തോടായി 
പുഴയായി 
പിന്നെ  കടലായി 
തിരകൾ   മണലിൽ 
കുടഞ്ഞിട്ട  മഴത്തുള്ളികൾ 
വെണ്‍ ശംഖിലെ പാട്ടായി .
ഇന്ന് മഴ  പെയ്തപ്പോൾ 
ഞാൻ   മൂളിയത്‌ 
അതേ  പാട്ടായിരുന്നു .